കൊച്ചി: പനിക്ക് ചികിത്സ തേടിയെത്തിയ ഏഴു വയസുകാരിക്ക് പേവിഷബാധയ്ക്കുള്ള കുത്തിവെയ്പ്പെടുത്ത സംഭവത്തിൽ നടപടിയെടുക്കാൻ നിർദ്ദേശിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംഭവത്തിൽ അങ്കമാലി താലൂക്ക് ആശുപത്രിയിലെ താത്ക്കാലിക നഴ്‌സിനെ ആശുപത്രിയില്‍ നിന്നും ഒഴിവാക്കും. സംഭവം അന്വേഷിച്ച് കര്‍ശന നടപടി സ്വീകരിക്കാന്‍ മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് നടപടി. നഴ്സിന് വീഴ്ച സംഭവിച്ചുവെന്ന് ആരോ​ഗ്യവകുപ്പിന്റെ റിപ്പോർട്ട് ഉണ്ടായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ചീട്ടുപോലും പരിശോധിക്കാതെയാണ് കുട്ടിക്ക് പേവിഷബാധക്കുള്ള കുത്തിവയ്പ്പെടുത്തതെന്നാണ് ആരോ​ഗ്യ വകുപ്പിന്റെ റിപ്പോർട്ടിലുള്ളത്. കുട്ടിയുടെ അമ്മ കൂടെയില്ലാതിരുന്ന സമയത്ത് കുത്തിവയ്പ്പ് നൽകിയതും വീഴ്ചയാണ്. അങ്കമാലി താലൂക്ക് ആശുപത്രി സൂപ്രണ്ട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.  


അതേസമയം നഴ്സിന്റെ ഭാ​ഗത്ത് നിന്ന് വീഴ്ച സംഭവിച്ചുവെഹ്കിലും അവർക്കെതിരെ നടപടി എടുക്കുന്നതിന് താല്പര്യം ഇല്ലെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. വീഴ്ച ആവർത്തിക്കരുതെന്നും കുട്ടിയുടെ അമ്മ ആവശ്യപ്പെട്ടു.


കടുത്ത പനിയെ തുടർന്ന് ചികിത്സയ്ക്കെത്തിയ കുട്ടിയ്ക്കാണ് നഴ്സ് ആളുമാറി പേവിഷബാധയ്ക്കുള്ള കുത്തിവയ്പ്പെടുത്തത്. കാഷ്വാലിറ്റിയിൽ പ്രവേശിപ്പിച്ച കുട്ടിക്ക് ഡോക്ടർ രക്തപരിശോധനയ്ക്ക് നിർദേശിച്ചിരുന്നു. അതിനിടെ കുട്ടിയുടെ അമ്മ ഒപി ടിക്കറ്റ് എടുക്കുന്നതിനായി പോയ സമയത്താണ് നഴ്സ് കുട്ടിക്ക് പേവിഷബാധയുടെ കുത്തിവയ്‌പ് നൽകിയത്. അമ്മ തിരിച്ചെത്തിയപ്പോഴാണ് കാര്യമറിയുന്നത്.


Also Read: ചികിത്സ തേടിയത് പനിക്ക്, കുത്തിവെയ്പ് പേവിഷബാധയ്ക്കും; സംഭവം അങ്കമാലിയിൽ


ഏഴ് വയസുകാരിയുടെ രണ്ടു കയ്യിലും പേവിഷബാധയ്ക്കുള്ള കുത്തിവയ്‌പ് എടുത്തിരുന്നു. പൂച്ച കടിച്ചെന്ന് കുട്ടി പറഞ്ഞത് കൊണ്ടാണ് കുത്തിവയ്പെടുത്തതെന്നായിരുന്നു നഴ്സിന്റെ വിശദീകരണം. എന്നാൽ മാറിപോയതാണെന്ന് പിന്നീട് വ്യക്തമാകുകയായിരുന്നു. ആ സമയം തന്നെ മറ്റൊരു കുട്ടി പേവിഷബാധയ്ക്കുള്ള കുത്തിവയ്‌പ് എടുക്കാൻ വന്നതിനാൽ നഴ്സ് ആളുമാറി കുത്തിവയ്ക്കുകയായിരുന്നു. കുട്ടിക്ക് മറ്റ് ആരോ​ഗ്യ പ്രശ്നങ്ങളില്ലെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു.